വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

വയനാട് പുനരധിവാസം സംബന്ധിച്ച ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനായി ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകുന്നേരം 3.30ന് ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുക. കഴിഞ്ഞ ദിവസമാണ് പുനരധിവാസം സംബന്ധിച്ച ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തുവിട്ടത്.

ഇതിന് പിന്നാലെ പട്ടികയിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പുറത്തുവന്ന കരട് പട്ടികയില്‍ ആശങ്ക വേണ്ടെന്നും അറിയിച്ച് റവന്യു മന്ത്രി കെ രാജന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മന്ത്രിസഭ യോഗത്തിന് തീരുമാനമായത്.

സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിര്‍മ്മാണത്തിലും യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിര്‍മാണം എങ്ങിനെയാകണമെന്നത് സംബന്ധിച്ചടക്കം ചര്‍ച്ച ചെയ്യും. വീട് നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും സര്‍ക്കാര്‍ ഉടന്‍ വിളിക്കും. 388 കുടുംബങ്ങളാണ് ആദ്യപട്ടികയിലുള്ളത്. ആക്ഷേപങ്ങളുള്ളവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കാം.

30 ദിവസത്തിനകം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. വീട് നഷ്ടപ്പെട്ടവരും ആള്‍നാശം സംഭവിച്ചവരുമാണ് ആദ്യഘട്ട പട്ടികയിലുള്ളത്. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്.