വയനാട്ടിലെ നരഭോജി കടുവ ഇനി ‘രുദ്രൻ’ ആയി പുത്തൂർ സുവോളജിക്കൽ പാർക്കിൽ കഴിയും. രുദ്രൻ എന്നാണ് വയനാട്ടിൽ നിന്നുകൊണ്ടുവന്ന കടുവയ്ക്ക് പേരിട്ടിരിക്കുന്നത്. നിലവില്‍ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് കടുവ.
കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. 200 കിലോയ്ക്കടുത്ത് തൂക്കമുള്ള 13 വയസുള്ള രുദ്രന് ഒരു ദിവസം അഞ്ച് കിലോ ബീഫാണ് നൽകുന്നത്.
Read more
ചൊവ്വാഴ്ചയാണ് വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെയാണ് കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്.