തൃശൂരിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കലിലെ ആശാരിക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിട്ടു മാറാത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈൽ ഫീവർ രോഗമാണെന്ന് സ്ഥീരികരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി രോഗിയെ പരിച്ചരിക്കാൻ കുടെ നിന്ന രണ്ട് പേർക്ക് കൂടി പനി ഉള്ളതിനാൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കൽ സന്ദർശിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
Read more
പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മ കുറവ് എന്നിവയ്ക്കും കാരണമാകും. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്.