ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാസ്വാതന്ത്ര്യത്തെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടു: കര്‍ദ്ദി നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇസ്ലാമിക രാജ്യങ്ങളിലെ ആരാധനാ സ്വാതന്ത്ര്യത്തെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടെന്ന് സിറോ മലബാര്‍ അര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഗള്‍ഫ് രാജ്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് സുരക്ഷിതത്വവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഭരണാധികാരികളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ശൈലിയാണ് സഭയ്ക്കുള്ളതെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ ക്രിസ്തീയ സഭയ്ക്ക് ലഭിക്കുന്ന സംരക്ഷണവും പിന്തുണയും തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. സൗദി അടക്കമുള്ള രാജ്യങ്ങളിലെ മാറ്റം പ്രകടമാണ്. ഭരണാധികാരികളോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് പൊതുവില്‍ ക്രൈസ്തവസഭകള്‍ക്കുള്ളത്. അത് ഇനിയും തുടരുമെന്നും കര്‍ദിനാള്‍ പറഞ്ഞു.

മുസ്ലിം രാജ്യങ്ങളിലുള്ള ആരാധനാസ്വാതന്ത്യത്തെ കുറിച്ച് പറഞ്ഞകാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതു നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ അതീവ ദുഃഖം രേഖപെടുത്തുന്നു. യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സാഹോദര്യത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.