തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുവിനായുള്ള തിരച്ചിൽ ഊർജിതം. കുട്ടി കന്യാകുമാരിയിലുണ്ടെന്ന് സ്ഥിരീകരണത്തിലാണ് പൊലീസ്. കുട്ടിയെ കണ്ടെന്ന ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരിയിൽ തമിഴ്നാട് പൊലീസിന്റെ വ്യാപക തിരച്ചിൽ നടക്കുകയാണ്. ആളുകൾ കൂടാൻ ഇടയുള്ള സ്ഥലങ്ങളിലും മറ്റുമാണ് പരിശോധന നടക്കുന്നത്. അതേസമയം കേരള പൊലീസും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.
പതിമൂന്ന് വയസുകാരി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി അറിയിച്ചു. കുട്ടിയെ കണ്ടത് ബീച്ച് റോഡിന്റെ അടുത്താണെന്നും ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ബീച്ച് ഭാഗത്തായാണ് തിരച്ചിൽ നടക്കുന്നത്.
ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെയാണ് പൊലീസിന്റെ പരിശോധന നടക്കുന്നത്. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന. അതേസമയം പെണ്‍കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരന്റെ വിവരങ്ങള്‍ തേടി പൊലീസ് പരിശോധന നടത്തുകയാണ്. മാതാപിതാക്കളില്‍ നിന്ന് ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നിർണായകമായത് ട്രെയിനിൽ ബബിത എന്ന വിദ്യാർത്ഥിനി എടുത്ത ചിത്രമാണ്. നെയ്യാറ്റിൻകരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം യാത്രക്കാരി എടുത്തത്. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് അസം സ്വദേശിയായ 13കാരിയെ കാണാതാകുന്നത്. ഇന്നലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി വീട്ടില്‍ നിന്ന് ആരുമറിയാതെ പോയത്. സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നു. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്താണ് കുട്ടി വീട്ടിൽ നിന്നും പോയത്. അതേസമയം കുട്ടി മുൻപ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും മകളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് പോകുന്ന പതിവ് ഇല്ല. ആദ്യമായാണ് കുട്ടി ട്രെയിനില്‍ ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് ഇങ്ങനെ എവിടേക്കും പോയിട്ടില്ല. അമ്മയോടൊപ്പം അല്ലാതെ കുട്ടി പുറത്തേക്ക് പോകാറില്ലെന്നും പിതാവ് പറഞ്ഞു.