പിവി അന്‍വറിന്റെ പിന്നില്‍ ആര്? സംസ്ഥാന ഇന്റലിജന്‍സ് രഹസ്യാന്വേഷണം നടത്തും

സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി തുടരെയുള്ള പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ നടപടിയുമായി സര്‍ക്കാര്‍. ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സിന് നിര്‍ദ്ദേശം. തുടരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇന്റലിജിന്‍സിന്റെ രഹസ്യാന്വേഷണം.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിവി അന്‍വറിനെ തള്ളിപ്പറഞ്ഞിരുന്നു. കൂടാതെ അന്‍വര്‍ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പിണറായി വിജയന്റേത്. അന്‍വറിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

അന്‍വറിന് കോണ്‍ഗ്രസ് പശ്ചാത്തലമാണെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്‍വറും വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു അന്‍വര്‍ പിണറായിയുടെ വാര്‍ത്ത സമ്മേളനത്തെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ തന്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിവി അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്.

Read more

പിവി അന്‍വര്‍ പിണറായി മന്ത്രിസഭയ്‌ക്കെതിരെ തിരിയുമോ എന്ന സംശയം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ ഇന്റലിജന്‍സ് അന്വേഷണം. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പുറകില്‍ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനാണ് നീക്കം. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാര്‍ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കും. ഇതോടൊപ്പം സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും രഹസ്യാന്വേഷണം നടത്തും.