പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്ത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ചു പേരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുന്നിടത്ത് കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായിരിക്കുമെന്ന് അറിയിച്ചു.
ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പലയിടത്തും വ്യാപകമായ അക്രമമാണുണ്ടായത്. അക്രമം തടയാന്‍ കാര്യമായ നടപടികളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ലോറികള്‍ക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറില്‍ തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ ജിനുവിനു പരുക്കേറ്റു.
Read more
അക്രമത്തെ തുടര്‍ന്ന് പല ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ ഓടുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയിഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.