മണ്‍സൂണ്‍ പാത്തി, ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടി മിന്നലോടു കൂടിയ വ്യാപക മഴക്ക് സാദ്ധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ /തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാലാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 07-07-2022 മുതല്‍ 11-07-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ 07-07-2022 മുതല്‍ 11-07-2022 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

07-07-2022 മുതല്‍ 09-07-2022 വരെ: കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07-07-2022 മുതല്‍ 08-07-2022 വരെ: ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07-07-2022 മുതല്‍ 11-07-2022 വരെ:തെക്ക് കിഴക്കന്‍ – മധ്യ കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നല്‍കിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 08-07-2022 രാത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.