കാട്ടില്‍ മൃഗങ്ങള്‍ പെറ്റുപെരുകി, ഏക പോംവഴി നിയന്ത്രിത വേട്ടയാടല്‍: മാധവ് ഗാഡ്ഗില്‍

മനുഷ്യജീവനപഹരിക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാലംഘനമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. 50 വര്‍ഷം കൊണ്ട് കാടിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃഗങ്ങള്‍ പെരുകിയെന്നും നിയന്ത്രിത വേട്ടയാടലാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത നിലപാടെടുക്കുന്ന വനംവകുപ്പുകള്‍ കാലാകാലങ്ങളില്‍ കള്ളകണക്കുകളാണ് പുറത്തുവിടുന്നത്. മലയോരമേഖലയിലെ പ്രശ്‌നങ്ങളില്‍ തന്നെ കുറ്റപ്പെടുത്തുന്ന വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അധികാരത്തിന്റെ സംവിധാനങ്ങളും സ്വാധീനവും വെച്ച് കാര്യങ്ങള്‍ കൃത്യമായി പഠിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

മൃഗസംരക്ഷണത്തിനായി ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തുന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുടെ തലപ്പത്തുള്ളവര്‍ മൃഗവേട്ടയാടലിന് പേരുകേട്ടവരാണെന്ന് കുറ്റപ്പെടുത്തിയ ഗാഡ്ഗില്‍ അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം എന്നാവര്‍ത്തിച്ചു.

വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതണമെന്ന മാധവ് ഗാഡ്ഗിലിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read more

നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതകള്‍ മനസിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ തുടക്കത്തിലും ഇതുണ്ടായെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.