സംസ്ഥാന സര്‍ക്കാരിന്റെ അനുമോദന ചടങ്ങില്‍ പങ്കെടുക്കും; നിരാശ വിട്ടൊഴിഞ്ഞെന്ന് ഹോക്കി താരം പിആര്‍ ശ്രീജേഷ്

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അവഗണന നേരിട്ടതിന്റെ നിരാശ വിട്ടൊഴിഞ്ഞെന്ന് ഹോക്കി താരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും കേരള സര്‍ക്കാരില്‍ നിന്ന് അവഗണന നേരിട്ടതായി താരം നേരത്തേ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കെത്തിയപ്പോഴാണ് താരം നിരാശ വിട്ടൊഴിഞ്ഞതായി മാധ്യമങ്ങളോട് പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 19ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും ശ്രീജേഷ് അറിയിച്ചു. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണം നേടിയ ഹോക്കി ടീം ഒളിമ്പിക്‌സിലും മെഡല്‍ നേടിയിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുമോദിക്കാത്തതിനെതിരെ ശ്രീജേഷ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് താന്‍ എത്തിയത് കായിക താരമെന്ന നിലയില്‍ അല്ലെന്നും ഉദ്യോഗസ്ഥനെന്ന നിലയിലാണെന്നും ശ്രീജേഷ് വ്യക്തമാക്കി. നിലവില്‍ കേരള വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ചീഫ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറുമാണ് പിആര്‍ ശ്രീജേഷ്.