കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെഎം എബ്രഹാം. പദവിയില്‍ തുടരണമോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്നും കെഎം എബ്രഹാം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെഎം എബ്രഹാമിന്റെ പ്രസ്താവന.
ഹൈക്കോടതിയാണ് മുന്‍ ചീഫ് സെക്രട്ടറിക്ക് എതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയില്‍ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചനയും കെഎം എബ്രഹാം നല്‍കി.
കേസിലെ ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെയും കെഎം എബ്രഹാം രംഗത്ത് വന്നു. ജോമോന് തന്നോട് ശത്രുതയാണെന്നും അതാണ് പരാതിക്ക് പിന്നിലെന്നും എബ്രഹാം പറയുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും എബ്രഹാം ആരോപിച്ചു.
Read more
താന്‍ ധന സെക്രട്ടറിയായിരിക്കെ പരാതിക്കാരന്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് നടത്തിയ കണ്ടെത്തലാണ് പകയ്ക്ക് കാരണം. കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തില്‍ പരാതി നല്‍കുന്നവര്‍ക്ക് അനാവശ്യ വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കുകയാണെന്നും കെഎം എബ്രഹാം ആരോപിച്ചു.