'സംസ്ഥാന തലത്തിൽ വിട്ട് നിക്കും, പ്രാദേശിക പരിപാടികളിൽ പങ്കെടുക്കും': കെ മുരളീധരൻ

സംസ്ഥാനതല പാർട്ടി പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സജീവമാകുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം തൃശൂരിൽ വോട്ട് ചോർന്നത് അറിയാതെ പോയത് ആരുടെ കുറ്റമാണെന്നും കെ. മുരളീധരൻ ചോദിച്ചു. കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് മുരളീധരൻറെ വിമർശനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിക്ക് ശേഷം കോൺഗ്രസിൻ്റെ രാഷ്ട്രീയ പരിപാടിയിൽ ആദ്യമായാണ് കെ മുരളീധരൻ പങ്കെടുക്കുന്നത്. നേതാക്കളുടെ അധികാരമോഹത്തെയും മുരളീധരൻ വിമർശിച്ചു. ആർക്കും ഇപ്പോൾ ബൂത്ത് വേണ്ടെന്നും ആദ്യം തന്നെ ഡിസിസി വേണമെന്നും മുരളീധരൻ പറഞ്ഞു. അതുകഴിഞ്ഞാൽ എല്ലാവർക്കും കെപിസിസി വേണമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയമുണ്ടെങ്കിലും കോൺഗ്രസിന് ഇനിയും ഒരുപാട് നേടാനുണ്ടെന്നും മുരളീധരൻ പറഞ്ഞു. പഞ്ചായത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട്. അതേസമയം വിഴിഞ്ഞം തുറമുഖം എന്ന് പറഞ്ഞാൽ ഉമ്മൻചാണ്ടിയുടെ പേര് ഓർക്കുകയെന്നും മുരളീധരൻ പറഞ്ഞു. തുറമുഖം യാഥാർഥ്യാമായതിൻ്റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കാണെന്നും മുരളീധരൻ പറഞ്ഞു.