'നയിക്കാന്‍ മുരളിയേട്ടന്‍ വരട്ടെ'; കെ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോര്‍ഡുകള്‍ പാലക്കാട്ടും

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിന് പിന്നാലെ പാലക്കാടും കെ മുരളീധരനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തും കളക്ടറേറ്റിന്റെ പരിസരത്തുമാണ് മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോര്‍ഡുകള്‍. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ പേരിലാണ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുള്ളത്.

കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ കെ മുരളീധരന്‍ എത്തണമെന്ന ആവശ്യവുമായാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നാണ് ബോര്‍ഡുകളിലെ വാചകം. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ പരാജയത്തിന് ശേഷം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുന്നതായി മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു.

പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സാഹചര്യത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. കെ മുരളീധരന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് നിയുക്ത എംപി വികെ ശ്രീകണ്ഠനും പ്രതികരിച്ചിരുന്നു. നേരത്തെ തിരുവനന്തപുരത്തും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കെപിസിസി-ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പോസ്റ്ററുകള്‍ പതിച്ചിരുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ഇത്തരത്തിലുള്ള നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നയിക്കാന്‍ നായകന്‍ വരട്ടെ എന്നായിരുന്നു പോസ്റ്ററുകള്‍.