ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മത, വര്‍ഗീയ വികാരങ്ങളുയര്‍ത്തുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മാതൃകാ ചട്ടലംഘനമാകുമെന്നും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത, വര്‍ഗീയ വികാരങ്ങളുയര്‍ത്തുന്ന രീതിയില്‍ ശബരിമലയോ, അയ്യപ്പന്റെ പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി പ്രചാരണത്തിന് ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമാകില്ല. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്. ഇത് ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍വകക്ഷി യോഗത്തില്‍ മീണ നിലപാട് ആവര്‍ത്തിച്ചതോടെ ബിജെപി രോഷം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അനുസരിക്കണമെന്ന് പറഞ്ഞ മീണയോട് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും മുതിര്‍ന്ന നേതാവ് ജെ പത്മകുമാറും വാക്കേറ്റം നടത്തി.
രാഷ്ട്രീയമായി ശബരിമല വിഷയം ഉന്നയിക്കുന്നതില്‍ തടസമില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതെന്നും അതുകൊണ്ട് തന്നെ ബിജെപി മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ശബരിമല ഉപയോഗിക്കുമെന്ന് ശ്രീധരന്‍പിള്ള യോഗത്തിനു ശേഷം വ്യക്തമാക്കി.
ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്നും ശബരിമല വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാകുമെന്നുമായിരുന്നു ഈ വിഷയത്തില്‍ ബിജെപി തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രതികരണം. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിയില്ല. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ, ശബരിമല വിഷയം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാകുമോയെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. സാമുദായിക ധ്രുവീകരണത്തിന് ഇടയാകും വിധം പ്രചാരണം നടത്താന്‍ പാടില്ലെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ടിക്കാ റാം മീണ പറഞ്ഞിരുന്നു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തു വന്നിരുന്നു.
Read more
ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അവകാശമില്ലെന്നും ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുമെന്നുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞത്.