കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തേയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്‍. തെറ്റായ ആളുകള്‍ ആണ് സഭയെ നയിക്കുന്നതെന്നും തെറ്റുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ “കര്‍ത്താവിന്റെ നാമത്തില്‍” എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയെയും ജീര്‍ണത ബാധിച്ചിട്ടുണ്ടെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും സിസ്റ്റര്‍ ലൂസി കളപ്പുര ഒരു പുസ്തകത്തില്‍ പറയുന്നു.
അതേസമയം ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ഇതെല്ലാമാണ് സഭയെ ചൊടിപ്പിച്ചത്.
Read more
പുസ്തകത്തിന്‍റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എ.എം.ഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.