'ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; ശക്തമായ ഇടതുപക്ഷം ഉണ്ടെങ്കിലേ ജനപക്ഷ ബദല്‍ രാജ്യത്ത് നടപ്പിലാക്കൂ; കേരളത്തെക്കുറിച്ച് മോദി കള്ളം പറയുന്നുവെന്ന് യെച്ചൂരി

കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റായ വിവരം പ്രചരിപ്പിപ്പിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി പറഞ്ഞത് ഇവിടെ വികസനമില്ലെന്നാണ്. കേന്ദ്രത്തിന്റെ നീതി അയോഗിന്റെ കണക്കുകള്‍ പ്രകാരമുള്ള മാനവ വികസന സൂചികളിലെല്ലാം കേരളം ഒന്നാമതാണ്.

എന്നാല്‍ ബിജെപിയുടെ ഗുജറാത്തും യുപിയുമെല്ലാം മാനവ വികസന സൂചികകളില്‍ വളരെ പിന്നിലാണ്. ഒടുവില്‍ പുറത്തുവന്ന ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ ഭീകര സ്വേച്ഛാധിപത്യ നാടെന്ന വിശേഷണത്തിലേക്ക് കൂപ്പുകുത്തി.

ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയ നയങ്ങളെ മൃദുഹിന്ദുത്വം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. സന്ധിചെയ്തുകൊണ്ടല്ല സമരം ചെയ്താണ് വര്‍ഗീയവാദികളെ നേരിടേണ്ടത്. എത്ര നേതാക്കള്‍ പാര്‍ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നെന്ന കണക്ക് കോണ്‍ഗ്രസിന്റെ കൈയ്യിലുണ്ടോ? പൗരത്വ ഭേഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടാത്തതെന്തേ?

പൗരത്വ ഭേദഗതി നിയമത്തിനും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിനും എതിരെ കോടതിയില്‍ പോയ പാര്‍ടിയാണ് സിപിഎം. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ കോടതിയില്‍ പോയതും സിപിഎമ്മാണ്. ഇലക്ടറല്‍ ബോണ്ടിനെ എതിര്‍ക്കുകയും വാങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും കോടതിയില്‍ പോവുകയും ചെയ്തു.

ആ നിലപാടിന് അംഗീകാരമായാണ് സുപ്രീകോടതി സിപിഎമ്മിനെ കേസില്‍ കക്ഷി ചേരാന്‍ അനുവദിച്ചത്. ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ കൂടുതല്‍ മെച്ചപ്പെട്ട ജനപക്ഷ ബദല്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാകൂ. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാമത് കണ്ടതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.