ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ പാര്‍ട്ടി നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്നും ബിജെപിയുടെ ഏതെങ്കലും നേതാവ് അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അദേഹം ചോദിച്ചു. ഖാര്‍ഗെയുടെ ‘നായ’ പരാമര്‍ശം രാജ്യസഭയില്‍ ബിജെപി നേതാവ് പീയുഷ് ഗോയല്‍ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യസഭയില്‍ ഭരണപക്ഷ പ്രതിപക്ഷ ബഹളം നടക്കുകയാണ്. ബഹളം രൂക്ഷമായതോടെ ഭരണപക്ഷത്തെ താക്കീത് ചെയ്ത് സഭാഅധ്യക്ഷനായ ഉപരാഷ്ട്രപതി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ധന്‍ഖര്‍ ആവശ്യപ്പെട്ടു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഖാര്‍ഗെ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ അവരുടെ ജീവന്‍ നല്‍കി, ബിജെപി എന്താണ് ചെയ്തത്? നിങ്ങളുടെ ഏതെങ്കിലും നായ രാജ്യത്തിന് വേണ്ടി മരിച്ചോ? ഏതെങ്കിലും കുടുംബാംഗങ്ങള്‍ എന്തെങ്കിലും ത്യാഗം ചെയ്തിട്ടുണ്ടോ? ഇല്ല!എന്നാണ് കഴിഞ്ഞ ദിവസം ഖാര്‍ഗെ പറഞ്ഞത്. ഇതാണ് ഇന്നു ഭരണപക്ഷം രാജ്യസഭയില്‍ ചോദ്യം ചെയ്തത്.
മോദി സര്‍ക്കാര്‍ ശക്തരാണെന്ന് അവകാശപ്പെടുന്നു. ആരും തങ്ങളുടെ കണ്ണുകളിലേക്ക് പോലും നോക്കില്ലെന്ന് പറയുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്. നമ്മുടെ 20 സൈനികര്‍ ഗാല്‍വാനിലെ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതിന് ശേഷം മോദി ജി 18 തവണ പ്രസിഡന്റുമായി കൂടിക്കാഴ്ച്ചനടത്തി. ഇത്രയുമൊക്കെ ചെയ്തിട്ടും എന്തുകൊണ്ടാണ് അതിര്‍ത്തിയില്‍ ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
Read more
ചൈനയുടെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച നടത്തണം, പക്ഷേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുന്നു എന്നാല്‍ ശെരിക്കും അദ്ദേഹം ഉള്ളില്‍ എലിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ രാജ്യത്തിനൊപ്പമാണ് പക്ഷേ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണ്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വന്ന് ഒരു പേജ് പ്രസ്താവന നല്‍കി മടങ്ങി പോയെന്നും ഖാര്‍ഗെ പറഞ്ഞു.