'ഇനി സീറ്റ് പൂട്ടി താക്കോലുമായി വീട്ടില്‍ പോകാം'; ഗുരുതര സംഭവമല്ലായിരുന്നെങ്കില്‍ തനി കോമഡിയെന്ന് അഭിഷേക് മനു സിംഗ്‌വി; രാജ്യസഭയിലെ നോട്ടുകെട്ട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

രാജ്യസഭയില്‍ പ്രതിപക്ഷ ബെഞ്ചില്‍ നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്നും അന്വേഷണം പ്രഖ്യാപിച്ചുവെന്നുമുള്ള രാജ്യസഭാ ചെയര്‍മാന്റെ അറിയിപ്പ് വന്‍വിവാദത്തിലേക്കും ചര്‍ച്ചയിലേക്കുമാണ് നീങ്ങുന്നത്. രാജ്യസഭയിലെ തെലങ്കാനയില്‍ നിന്നുള്ള എംപി അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റില്‍ നിന്നാണ് നോട്ടുകെട്ട് കണ്ടെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് എംപിയെ അറിയിക്കുന്നതിന് മുമ്പേ തന്നെ സീറ്റ് നമ്പര്‍ 222 എന്നും ആ സീറ്റ് ഉപയോഗിക്കുന്നത് മനു അഭിഷേക് സിംഗ്‌വിയാണെന്നും വെളിപ്പെടുത്തിയുള്ള രാജ്യസഭാ ചെയര്‍മാന്റെ വാക്കുകള്‍ പലര്‍ക്കും ആശ്ചര്യമാണ് ഉണ്ടാക്കിയത്.

പതിവായി നടക്കുന്ന അട്ടിമറി വിരുദ്ധ പരിശോധനയ്ക്കിടെ അഭിഷേക് മനു സിംഗ്വിയുടെ സീറ്റില്‍ നിന്ന് ഒരു വലിയ കറന്‍സി നോട്ടുകെട്ട് കണ്ടെത്തിയെന്നാണ് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞത്. രാജ്യസഭയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ഇത് വഴിവെച്ചത്. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന്റെ അഭിഷേക് സിംഗ്‌വിക്ക് അനുവദിച്ച സീറ്റില്‍ നിന്ന് കറന്‍സി നോട്ടുകള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിംഗ്വി അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്ത്. രാജ്യസഭയില്‍ പോകുമമ്പോള്‍ 500 രൂപയുടെ ഒരുനോട്ട് മാത്രമാണ് തന്റെ കൈവശം ഉണ്ടാകാറുള്ളതെന്നും തന്റെ സീറ്റില്‍ നിന്നും നോട്ട് കണ്ടെത്തിയെന്നതെങ്ങനെ എന്ന് തനിക്ക് ഒരു ധാരണയുമില്ലെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പോലും രാഷ്ട്രീയം കാണുന്നത് വിചിത്രമായാണ് താന്‍ കാണുന്നതെന്നും ആളുകള്‍ക്ക് വന്ന് ഏത് സീറ്റില്‍ എവിടെയും എന്തും വയ്ക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അഭിഷേക് പറഞ്ഞു.

ഈ സംഭവച്ചെ കുറിച്ച് കേള്‍ക്കുമ്പോള്‍ പോലും എനിക്ക് അമ്പരപ്പാണ്. ഞാന്‍ ഇന്നലെ ഉച്ചയ്ക്ക് 12:57 ന് രാജ്യസഭയിലെത്തി, ഉച്ചയ്ക്ക് 1 മണിക്ക് നിര്‍ത്തിവയ്ക്കുന്നത് വരെ മൂന്ന് മിനിറ്റ് അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് പോകുന്നതിന് മുമ്പ് അയോധ്യ പ്രസാദിനൊപ്പം കാന്റീനില്‍ 30 മിനിറ്റ് ചെലവഴിച്ചു. എനിക്ക് ഈ വിഷയത്തില്‍ ഒരു അറിവും ഇല്ല’

ഈ സംഭവമുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ആശങ്കയും ഓര്‍മ്മിപ്പിച്ച് സമഗ്രമായ അന്വേഷണത്തിന്റെ ആവശ്യകത അഭിഷേക് മനു സിംഗ്വി ഊന്നിപ്പറഞ്ഞു. ആളുകള്‍ക്ക് ഏതെങ്കിലും സീറ്റില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വെയ്ക്കുവാന്‍ കഴിയുമെങ്കില്‍, അത് സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കോണ്‍ഗ്രസ് എംപി വിമര്‍ശിച്ചു. സുരക്ഷാ ഏജന്‍സികളുടെ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവത്തിലുണ്ടെങ്കില്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടണം.

ഇത്തരം വിഷയങ്ങളില്‍ പോലും രാഷ്ട്രീയം കാണുന്നത് വിചിത്രമായി ഞാന്‍ കാണുന്നു. ഏതെങ്കിലും ആളുകള്‍ക്ക് വന്ന് ഏത് സീറ്റില്‍ എവിടെയും എന്തും വയ്ക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്വന്തമായ ഇരിപ്പിടം തന്നെ ഉണ്ടായിരിക്കുകയും അത് താഴിട്ട് പൂട്ടി താക്കോല്‍ എംപിക്ക് വീട്ടിലേക്ക് കൊണ്ടുപോകാനും കഴിയുന്ന സ്ഥിതി വേണം. ഇത്തരമൊരു രീതിയിലാണ് കാര്യങ്ങളെങ്കില്‍ എല്ലാവര്‍ക്കും പരുടേയും സീറ്റില്‍ ചെന്നിരുന്ന് പല കാര്യങ്ങള്‍ ചെയ്യാനും അതിനെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കാനും കഴിയും. ഇത് ദാരുണവും ഗുരുതരവുമല്ലായിരുന്നുവെങ്കില്‍, ഇപ്പോഴത്തെ വിഷയം കോമഡിയായി പോകും

അന്വേഷണം നടക്കുമ്പോള്‍ തന്നെ അഭിഷേക് സിംഗ്വിയുടെ പേര് പരാമര്‍ശിച്ചതിനെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചതോടെ വിഷയം ചൂടു പിടിച്ചു. ഒരു കാര്യം അന്വേഷണത്തിലായിരിക്കുമ്പോള്‍, ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിക്കേണ്ടതില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ അപക്വവും മാനഹാനിക്ക് കാരണമാവുകയും ചെയ്യുന്നതാണെന്ന് ഖര്‍ഗെ പറഞ്ഞു. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പുവരുത്തി ഉത്തരവാദിത്തത്തോടെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഖാര്‍ഗെയോട് പ്രതികരിച്ച രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ വ്യക്തമാക്കി. വിഷയത്തില്‍ ആരോപിതനായ അംഗം സഭയില്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ താന്‍ ശ്രമിച്ചതിനപ്പുറം, എന്തെങ്കിലും അനുമാനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ധന്‍കര്‍ പ്രതികരിച്ചു.