'കൈകളും കാലുകളും ബന്ധിച്ച നിലയിൽ, ഭക്ഷണം കഴിക്കാനും ശുചിമുറിയിൽ പോകാനുമാവാതെ, 40 മണിക്കൂർ നീണ്ട യാത്ര...'; അമേരിക്ക ഇന്നലെ അമൃത്സറിൽ ഇറക്കിവിട്ടവർക്ക് പറയാനുള്ളത്

’40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്.

‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചത്. ’40 മണിക്കൂർ ശരിയായി ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കൈയിൽ വിലങ്ങുമായി ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിക്കുമായിരുന്നു. കഴിക്കാനായി കുറച്ച് മിനിറ്റുകൾ കൈ വിലങ്ങ് നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിച്ചെങ്കിലും അവർ കേട്ടില്ല. ഒരു ദയയുള്ള ക്രൂ അംഗം പഴങ്ങൾ വാഗ്ദാനം ചെയ്തു.
യാത്ര ശാരീരികമായി മാത്രമല്ല, മാനസികമായും ഞങ്ങളെ തളർത്തി…’ ഹർവീന്ദർ പറഞ്ഞതായി ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി നാലിന് ടെക്സസിലെ സാൻ അൻ്റോണിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട യുഎസ് സൈനിക വിമാനം സി-17 ഗ്ലോബ്മാസ്റ്റർ – ഇന്നലെ പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനായി നാല് പിറ്റ് സ്റ്റോപ്പുകളിലാണ് നിർത്തിയത്. 2024 ജൂണിലാണ് ഹർവീന്ദറും ഭാര്യ കുൽജീന്ദർ കൗറും അവരുടെ ജീവിത പ്രാരാപ്തങ്ങൾ കാരണം യുഎസിലേക്ക് പോകാനുള്ള വഴികൾ നോക്കുന്നത്. 12 വയസുള്ള മകനും 11 വയസുള്ള മകൾക്കും നല്ലൊരു ജീവിതം കൊടുക്കാനായാണ് പശുക്കളെ വളർത്തി ജീവിച്ചിരുന്ന അവർ അങ്ങനൊരു തീരുമാനമെടുത്തത്.

നിയമപരമായി 15 ദിവസത്തിനുള്ളിൽ ഹർവീന്ദറിനെ യുഎസിലേക്ക് കൊണ്ടുപോകാമെന്ന് ഒരു അകന്ന ബന്ധു വാഗ്ദാനം ചെയ്തു. തുക സമാഹരിക്കാൻ, കുടുംബം തങ്ങളുടെ ഒരേക്കർ ഭൂമി പണയപ്പെടുത്തി സ്വകാര്യ വായ്പക്കാരിൽ പലിശയ്ക്ക് കടം വാങ്ങി. അങ്ങനെ 42 ലക്ഷത്തോളം രൂപ മുടക്കിയാണ് ഹർവീന്ദർ യാത്ര തിരിച്ചത്. പല രാജ്യങ്ങളിലൂടെ ഏറെ യാതനകൾ സഹിച്ചാണ് ഹർവീന്ദർ അമേരിക്കയുടെ അതിർത്തികളിലേക്ക് എത്തപ്പെട്ടത്.

ജനുവരി 15നാണ് ഹർവീദർ അവസാനമായി ഭാര്യയോട് സംസാരിച്ചത്. ബുധനാഴ്ച യുഎസിൽ നിന്ന് തിരിച്ചയച്ച 104 നാടുകടത്തപ്പെട്ടവരിൽ അയാളും ഉണ്ടെന്ന് ഗ്രാമവാസികൾ അറിയിച്ചപ്പോൾ മാത്രമാണ് കുൽജീന്ദർ വാർത്ത അറിഞ്ഞത്. കഴിഞ്ഞ മാസം ഹർവീന്ദറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രാവൽ ഏജൻ്റിനെതിരെ ഗ്രാമ പഞ്ചായത്തിൽ പരാതി നൽകിയിരുന്നതായി കുൽജീന്ദർ പറഞ്ഞു. ഏജൻ്റിനെതിരെ കർശന നടപടിയെടുക്കണമെന്നും യാത്ര മുടങ്ങിയതിന് ചെലവഴിച്ച 42 ലക്ഷം രൂപ തിരികെ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ കുട്ടികൾക്ക് മികച്ച ഭാവി മാത്രമേ ഞങ്ങൾ ആഗ്രഹിച്ചിരുന്നുള്ളൂ, ഇപ്പോൾ ഞങ്ങൾക്ക് കടം മാത്രമായി’- അവൾ പറഞ്ഞു. രണ്ടര മാസം മുമ്പ് ഗ്വാട്ടിമാലയിലായിരുന്നപ്പോൾ അവസാനമായി നൽകിയ 10 ലക്ഷം രൂപ ഉൾപ്പെടെ ഹർവീന്ദറിൻ്റെ യാത്രയുടെ ഓരോ ഘട്ടത്തിലും ഏജൻ്റ് പണം തട്ടിയതായി കുൽജീന്ദർ വെളിപ്പെടുത്തി. ഹർവീന്ദർപോയ സമയം പാട്ടത്തിനെടുത്ത ഭൂമി കൃഷിചെയ്തും കന്നുകാലികളെ വളർത്തിയുമാണ് കുടുംബം ജീവിച്ചത്. ഹർവീന്ദറിൻ്റെ പ്രായമായ മാതാപിതാക്കൾ 85 വയസുള്ള അച്ഛനും 70 വയസുള്ള അമ്മയും ഇപ്പോഴും വയലിൽ പണിയെടുക്കുന്നു.

അതേസമയം കുറ്റവാളികളെ പോലെ ഇന്ത്യൻ പൗരന്മാരെ സൈനിക വിമാനത്തിൽ കൊണ്ടുവന്ന് അമൃത്സറിൽ ഇറക്കിവിട്ട അമേരിക്കൻ നടപടിയോട് ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. ട്രംപിന്റെ നടപടിയിൽ കേന്ദ്ര സർക്കാർ നോക്കുകുത്തികളായി മാറിയെന്ന് കോൺഗ്രസ് ആരോപിച്ചു.

അനധികൃത കുടിയേറ്റക്കാർക്കെതിരായ ട്രംപിൻ്റെ ശക്തമായ നടപടികളെ അപലപിച്ച് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ നടത്തിയ ഇടപെടൽ പോലും നരേന്ദ്ര മോദിക്ക് നടത്താനിയില്ലേയെന്നും വിമർശനം ഉയരുന്നു. ഇന്ത്യയിലേക്ക് അയച്ച പോലെ കൊളംബിയയിലേക്കും അനധികൃത കുടിയേറ്റക്കാരെ നിറച്ച വിമാനം ഇറക്കാൻ ട്രംപ് തീരുമാനിച്ചെങ്കിലും പ്രസിഡൻ്റ് ഗുസ്താവോ പെട്രോ അതിന് വിസമ്മതിക്കുകയും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ സിവിലിയൻ വിമാനങ്ങളിൽ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അമേരിക്കൻ സൈനിക വിമാനത്തെ ഇന്ത്യയുടെ മണ്ണിൽ ഇറങ്ങാൻ അനുവദിച്ചതിലും, നാടുകടത്തപ്പെട്ട് രാജ്യത്ത് എത്തിയവരെ വിമാനത്താവളത്തിൽ നിന്ന് മധ്യമങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാൻ പോലും അനുവദിക്കാതെ പോലീസ് വാഹനങ്ങളിൽ അവരുടെ നാട്ടിലേക്ക് അയച്ചതിലും ഉൾപ്പെടെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാം പക്ഷേ അത് യാത്ര വിമാനങ്ങളിൽ അയക്കാമായിരുന്നുവെന്നാണ് കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെ പ്രതികരിച്ചത്. അമേരിക്ക തിരച്ചയിച്ചവരെ വിമാനത്തിൽ കെട്ടിയിട്ടാണ് കൊണ്ടു വന്നെന്ന് കൂടുതൽ പേർ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് എംപി മാണിക്കം ടാഗോർ പാർലമെൻറിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഈ മാസം 13 ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം നടത്തും.