ഡൽഹിയിൽ തണുപ്പ് മൂലം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറുപേര്‍ ശ്യാസം മുട്ടി മരിച്ചു

അതിശൈത്യം മൂലം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറുപേര്‍ ശ്യാസം കിട്ടാതെ മരിച്ചു. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. തണുപ്പില്‍നിന്നു രക്ഷനേടാന്‍ കണ്ടെയ്‌നറിനുള്ളില്‍ അടുപ്പുകൂട്ടി തീ കാഞ്ഞശേഷം, അതു കെടുത്താതെ കിടന്നുറങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചത്. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണ് മരിച്ചത്.

കേറ്ററിങ് പണിയെടുത്തിരുന്ന ഇവര്‍ കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. അര്‍ധരാത്രിയോടെ സംഘത്തിന്റെ സൂപ്പര്‍വൈസര്‍ നിര്‍മല്‍ സിങ് എത്തി ഇവരെ വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ സമീപത്തെ ദീന്‍ ധയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ചു.  ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്.

Read more

അടച്ചിട്ടമുറിയില്‍ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.