സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ നിറവില്‍ ഇന്ത്യ. രാവിലെ 7.30 പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് തിരിക്കുക.
പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതിയ വികസനപദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. മരുന്നുകളുടെ വില കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും എന്നാണ് സൂചന. ആഘോഷത്തിന്റെ പ്രധാനവേദിയായ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും ത്രിവര്‍ണ പതാകകള്‍കൊണ്ട് അലങ്കരിച്ചു. രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍,പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്.
7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
Read more
അതോടൊപ്പം ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിലൂടെ വീടുകളിലും വജ്ര ജൂബിലി ആഘോഷത്തിന്റെ അന്തരീക്ഷം ഒരുക്കിയിരുന്നു. മന്ത്രിമാരുള്‍പ്പെടെ എല്ലാവരും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തി.