കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ സ്റ്റേഷനുള്ളില്‍ വച്ച് പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശ് ലളിത്പൂരിലെ സ്റ്റേഷനില്‍ വച്ചാണ് 13 കാരിയെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വീണ്ടും ബലാത്സംഗം ചെയ്തത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്യുകയും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി മൂന്ന് പൊലീസ് സംഘങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലംഗ സംഘത്തിലെ മൂന്ന് പേരും പിടിയിലായിട്ടുണ്ട്.
പെണ്‍കുട്ടിയെ നാല് പേര്‍ പ്രലോഭിപ്പിച്ച് ഏപ്രില്‍ 22 ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ചൊവ്വാഴ്ച സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നത്. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
കുറ്റാരോപിതനായ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പെണ്‍കുട്ടിയെ അവളുടെ അമ്മായിക്ക് കൈമാറി. മൊഴി രേഖപ്പെടുത്താനായി അടുത്ത ദിവസം കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ അവളുടെ അമ്മായിയുടെ സാന്നിധ്യത്തില്‍ സ്റ്റേഷനിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എഫ്ഐആറില്‍ പെണ്‍കുട്ടിയുടെ അമ്മായിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
Read more
പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തതായി ലളിത്പൂര്‍ പൊലീസ് മേധാവി നിഖില്‍ പഥക് അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.