തെരുവുനായയുടെ ശരീരത്തില്‍ കാര്‍ കയറ്റിയിറക്കി, ബംഗളൂരു സ്വദേശി അറസ്റ്റില്‍

ബെംഗളൂരുവില്‍ നായയുടെ ശരീരത്തിലൂടെ ഓഡി കാര്‍ കയറ്റിയിറക്കി കൊന്ന യുവാവ് അറസ്റ്റില്‍. ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയുടെ ചെറുമകനായ ആദിയെന്ന 23 കാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രകോപനത്തിന് കാരണമായിരുന്നു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി.

ജനുവരി 26ന് വൈകിട്ടായിരുന്നു സംഭവം. മൂന്ന് തെരുവ് നായ്ക്കള്‍ റോഡില്‍ ഉറങ്ങിക്കിടക്കുന്നതിന് ഇടെയാണ് യുവാവ് കാറുമായി എത്തുന്നത്. കാര്‍ പതുക്കെ ഒരു നായയുടെ അടുത്തേക്ക് നീങ്ങുകയും, പെട്ടെന്ന് വേഗം കൂട്ടി ഒരു നായയുടെ ദേഹത്ത് കൂടി കയറ്റിയിറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നായയെ മനപൂര്‍വ്വം അപകടപ്പെടുത്താന്‍ ചെയ്തതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം ജയാനഗര്‍ പൊലീസ് കേസെടുത്തു.

രണ്ട് ദിവസമായി ഒരു തെരുവ് നായയെ കാണാതായതോടെ തിരച്ചില്‍ തുടങ്ങിയിരുന്നതായി പ്രദേശവാസി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭയാനകമായ സംഭവം അറിയുന്നത്. സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം അവിടെ കിടക്കുന്നതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഒരു കൂട്ടം മൃഗാവകാശ പ്രവര്‍ത്തകര്‍ കുറ്റകൃത്യം ചെയ്തയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ആക്ട് 1960, ഐ.പി.സി 1860 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.