മൂന്ന് വയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍; പന്തല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ മൂന്ന് വയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാന്‍ സാധിച്ചില്ല. പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയത് ഒരു പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലന്‍ ദേവിയുടെയും മകള്‍ നാന്‍സിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അങ്കണവാടിയില്‍ നിന്ന് തിരികെ വരുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്.