മലപ്പുറം പ്രസംഗത്തില്‍ അടിയും തടയുമായി വട്ടം കറങ്ങി നിന്ന വെള്ളാപ്പള്ളി നടേശന് ചേര്‍ത്തലയില്‍ കൈകോര്‍ത്തു പിടിച്ചു വേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ തലോടല്‍ കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ അലയൊളി ചെറുതല്ല. കുമാരനാശാനോട് വരെ താരതമ്യം നടത്തി വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തന മികവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുകഴ്ത്തിയപ്പോള്‍ പഴയ ചില പരാമര്‍ശങ്ങള്‍ക്കൊപ്പം ഒരു പേര് കൂടി ഓര്‍മ്മയിലേക്ക് വരുന്നുണ്ട്. വി എസ് എന്ന പേരാണ് അത്. വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ കേരളത്തിലങ്ങോളം ഇങ്ങോളമിട്ട് ഓടിച്ച ആലപ്പുഴക്കാരന്റെ പേര്. വെള്ളാപ്പള്ളി നടേശന്‍ ഷേക്സ്പിയര്‍ കഥാപാത്രം കൊള്ളപ്പലിശക്കാരന്‍ ഷൈലോക്കാണെന്ന് വരെ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഷൈലോക്ക് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ട് നമിച്ചെന്നു പറഞ്ഞ വി എസ് കേസിന് പിന്നാലെ വര്‍ഷങ്ങളാണ് നടന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം 124ഓളം കേസുകളിലാണ് നടന്നത്. ഇതില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് വെള്ളാപ്പള്ളി നടേശന് ക്ലീന്‍ചിറ്റ് കിട്ടുന്നത്.
പ്രതിപക്ഷ നേതാവ്, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ പദവികളിലിരിക്കെയെല്ലാം വിഎസ് തുടര്‍ന്ന കേസിലാണ് വെള്ളാപ്പള്ളി നടേശനെ 2024ല്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയത്. മൈക്രോഫിനാന്‍സ് കേസ് 2013- 2015 കാലയളവില്‍ നടന്ന തട്ടിപ്പുകള്‍ സംബന്ധിച്ചിട്ടാണ്. 2015 നവംബറിലാണ് പണം വകമാറ്റി ചെലവഴിച്ചതിനും പലിശയ്ക്ക് കൊടുത്തതിലെ തട്ടിപ്പിനുമടക്കം എസ്എന്‍ഡിപി യൂണിയന് എതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീടങ്ങോട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ കെ.മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കേസുകള്‍ 100ന് മേലെയായി. പലകുറി കേസില്‍ എഫ്‌ഐര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ കോടതികളിലെത്തി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് 2018ലും വിഎസ് പിന്നാലെ കൂടി. തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ നടത്തുന്ന ചെപ്പിടി വിദ്യകളൊന്നും വിലപ്പോകില്ലെന്നും പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ അന്ന് പറയുകയും ചെയ്തിരുന്നു.
അവിടുന്ന് വാര്‍ധക്യത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിഎസ് മാറിയതിന് ശേഷമാണ് മൈക്രോഫിനാന്‍സ് കേസില്‍ നിര്‍ണായകമായ പലതും സംഭവിക്കുന്നത്. മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ കെ മഹേശനെ 2020 ജൂണ്‍ 24ന് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങളുമുണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കുറ്റവിമുക്തനാക്കി. ഇത് വിജിലന്‍സ് ആഭ്യന്തരവകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന കാലത്താണ്. ഈ കേസ് അന്വേഷണം എല്ലാം നടക്കുന്ന കാലത്താണ് ഇടത് വലതുപക്ഷത്തെ ഒന്ന് നിലയ്ക്ക് നിര്‍ത്താനും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തന്റെ നില എന്തെന്നു കാണിക്കാനും വിലപേശലിനുമായി സമത്വമുന്നേറ്റ യാത്രയും ബിഡിജെസ് രൂപീകരണവും 2015ല്‍ വെള്ളാപ്പള്ളി നടത്തിയത്.
വിഎസ് അച്യുതാനന്ദന്‍ തന്റെ സ്വതസിദ്ധശൈലിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രസംഗിച്ചു നടക്കുന്ന സമയത്തായിരുന്നു 2015 ഡിസംബര്‍ 5ന് ബിഡിജെഎസ് രൂപീകരണം ശംഖുമുഖത്ത് നടന്നത്. അന്ന് വിഎസ് അച്യുതാനന്ദനെതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ ആക്രമണം മുഴുവന്‍. വി എസ് അച്യുതാനന്ദന്‍ വെറും അച്ച് മാത്രമാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃസ്ഥാനം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ബിഡിജെഎസ് രൂപീകരണ വേദിയില്‍ പറഞ്ഞു. വിഎസിന് വേണ്ടത് തന്റെ രക്തമാണെന്നും തനിക്കെതിരായ കേസുകള്‍ തന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മുഖ്യധാരാ പാര്‍ട്ടികളുടെ മതേതരവാദം കള്ളനാണയമാണെന്നും അവര്‍ അവസരവാദികളാണെന്നും ആരോപിച്ച വെള്ളാപ്പള്ളി ഹിന്ദുരാഷ്ട്രമല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പൊതുസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു അന്ന്. ഇന്ന് ബിജെപിയുടെ ബി ടീമും എന്‍ഡിഎ സഖ്യകക്ഷിയുമാണ് ബിഡിജെഎസ് എന്നത് മറ്റൊരു കാര്യം.
ഇനി ഇപ്പോഴത്തെ മലപ്പുറം പ്രസംഗം പോലെ 2015ല്‍ വെള്ളാപ്പള്ളിയുടെ ഒരു വിദ്വേഷ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. അന്ന് മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിനെ കുറിച്ചുള്ള വാക്കുകളെ കുറിച്ച് ബിഡിജെഎസ് രൂപീകരണ വേദിയില്‍ വിശദീകരണത്തിനും വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. 2015ലെ ആ സംഭവത്തില്‍ ഇപ്പോള്‍ മലപ്പുറം പ്രസംഗത്തിന് നല്‍കിയ തരത്തിലുള്ള ന്യായീകരണമായിരുന്നില്ല പിണറായി വിജയന് ഉണ്ടായിരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയായി വെള്ളാപ്പള്ളി നിലകൊള്ളുന്നുവെന്നാണ് 10 കൊല്ലം മുമ്പ് പിണറായി പറഞ്ഞത്. ഇന്ന് അദ്ദേഹം പറയുന്നു ഏതെങ്കിലും ഒരു മതത്തിനെതിരായി നിലപാട് സ്വീകരിച്ചുള്ള ചരിത്രമല്ല വെള്ളാപ്പള്ളിയുടേതെന്ന്.
വെള്ളാപ്പള്ളി നടേശന്റെ ജല്പനങ്ങള്‍ മത നിരപേക്ഷ സമൂഹം പൂര്‍ണ അവജ്ഞയോടെ തള്ളിക്കളയുകയുമെന്ന് പറഞ്ഞയിടത്ത് നിന്നാണ് പിണറായിയുടെ തിരിച്ചുനടത്തം. ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആ കാലത്ത് പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ എസ് എസ് ബന്ധം വെള്ളാപ്പള്ളി നടേശന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍ എസ് എസ് രാഷ്ട്രീയം. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത് എന്ന് 10 കൊല്ലം മുമ്പ് പറഞ്ഞയിടത്ത് നിന്നാണ് കുമാരനാശാനേക്കാള്‍ കൂടുതല്‍ കാലം എസ്എന്‍ഡിപി ഭരിച്ചതിലെ പ്രവര്‍ത്തന മികവ് പറഞ്ഞുള്ള പിണറായിയുടെ തലോടല്‍ സമീപനമെന്നതാണ് ശ്രദ്ധേയം.
നൗഷാദ് വിഷയത്തില്‍ മതവിദ്വേഷം തോന്നിയ പിണറായി വിജയന്‍ എന്ന സിപിഎം പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയിലേക്ക് എത്തിയപ്പോഴേക്കും വെള്ളാപ്പള്ളി നടേശന്‍ സ്വീകാര്യനായിരിക്കുന്നു. ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎ സഖ്യകക്ഷിയായിരിക്കെയാണ് ഈ മൃദുസമീപനം. രാഷ്ട്രീയമായി സിപിഎം വോട്ട് ബാങ്കായ ഈഴവ വോട്ടുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയിലേക്ക് ചോര്‍ന്ന് തുടങ്ങിയെന്ന സിപിഎം സ്വയം വിശകലനമാണ് മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിന് കാരണമെന്നും ഇതൊരു അടവുനയമാണെന്നുമാണ് ഇടത് ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇടത് വോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള സിപിഎം അടവുനയം. എന്തായാലും അപ്പോഴാണ് മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിയെ നെട്ടോട്ടമോടിച്ച് പ്രസംഗിച്ച് കേരളം മൊത്തം ഓടിനടന്ന് ഒരു പ്രതിപക്ഷ നേതാവിനെ ഓര്‍മ്മ വരുന്നത്. അയാള്‍ക്കെതിരെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു ബിഡിജെസ് എന്നൊരു പാര്‍ട്ടി തിരഞ്ഞെടുപ്പിന് അഞ്ച് ആറ് മാസം മുമ്പ് ഉണ്ടാക്കിയിട്ടും വെള്ളാപ്പള്ളി എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന് നിന്നിട്ടും വിഎസ് ഇടത്ത് നിന്ന് നയിച്ച ആ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നത് ഇടത് പക്ഷമാണെന്നത് മറക്കരുതാത്ത പാഠമാണ്.