ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ ഇരുപത്തിനാലുകാരിയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ അഭിഷേകിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ബെംഗളൂരു പൊലീസ് ഭോപ്പാലിൽ നിന്നാണ് അഭിഷേകിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതശേഷം അഭിഷേക് ഒളിവിൽ പോയിരുന്നു.
പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ഇരുപത്തിനാലുകാരി കൃതി കുമാരിയെയാണ് ഇക്കഴിഞ്ഞ ദിവസം അഭിഷേക് കഴുത്തറത്ത് കൊന്നത്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി കുമാരി. പ്രതിക്ക് കൃതിയുടെ മുൻ റൂംമേറ്റുമായുള്ള പ്രണയബന്ധം തകരാൻ കാരണം കൃതി ആണെന്ന എന്ന് സംശയത്തിന്റെ പുറത്തായിരുന്നു കൊലപാതകം.
അതേസമയം കൃതിയെ അഭിഷേക് ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളൾ പുറത്ത് വന്നിരുന്നു. കൃതിയുടെ മുറിയുടെ മുന്നിലെത്തിയ പ്രതി വാതിലിൽ മുട്ടുന്നു. യുവതി വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി ആക്രമിക്കുന്നു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തിൽ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. സഹായത്തിനായി പെൺകുട്ടി കരയുന്നുണ്ടെങ്കിലും സമീപത്തുള്ളവർ ആരും പെൺകുട്ടിയുടെ അടുത്ത് പോകുന്നില്ല. മുറിവ് മാരകമാണെന്ന് ഉറപ്പുവരുത്താൻ കഴുത്തിൽ കത്തി കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാൾ പോയത്.
നഗരത്തിലെ പിജി ഹോസ്റ്റലിലെ താമസക്കാരിയായിരുന്ന ബിഹാർ സ്വദേശി കൃതി കുമാരിയെ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.