ഭാര്യയുടെ മദ്യപാനം വിവാഹമോചനത്തിനുള്ള കാരണമല്ല; നിലപാട് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി

ഭാര്യയുടെ മദ്യപാനം വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യയുടെ മദ്യപാനം കാരണമാക്കി വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. കാര്യമായ തെളിവുകളില്ലാത്ത ആരോപണങ്ങൾ വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല എന്നും കോടതി പറഞ്ഞു.

ഭാര്യയുടെ മദ്യപാനവും ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട് നൽകിയ വിവാഹമോചനത്തിനുള്ള തൻ്റെ ഹർജി തള്ളിയ കുടുംബകോടതിയുടെ വിധിക്കെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ മദ്യപാനം വിവാഹബന്ധം വേർപ്പെടുത്താൻ തക്കതായ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.

തൻ്റെ ഭാര്യ മദ്യപിക്കുമായിരുന്നു എന്നും ഇത് മിഡിൽ ക്ലാസ് കുടുംബത്തിന്റെ സംസ്കാരത്തെ അവഹേളിക്കുന്നതാണ് എന്നുമായിരുന്നു ഭർത്താവ് പറഞ്ഞത്. അതിനാൽ തന്നെ ഇത് തന്നെ മാനസികമായി വേദനിപ്പിച്ചു എന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ, ജസ്റ്റിസുമാരായ വിവേക് ​​ചൗധരിയും ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ബെഞ്ച് ഈ വാദം തള്ളിക്കളയുകയായിരുന്നു. അനുചിതവും അപരിഷ്കൃതവുമായ പെരുമാറ്റം ഭാര്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ മദ്യപാനം ഒരു ക്രൂരതയായി കണക്കാക്കാനാവില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

മദ്യപാനം ഒരു നിഷിദ്ധമായ കാര്യമാണ് എന്ന സാമൂഹികമായ കാഴ്ച്ചപ്പാട് ഇടത്തരം കുടുംബങ്ങളിൽ ഉണ്ടെങ്കിലും ക്രൂരത കാണിച്ചു എന്നതിനുള്ള തെളിവുകളുടെ അഭാവത്തെ ഇതിന് മറികടക്കാനാവില്ല എന്നും കോടതി പറഞ്ഞു. എങ്ങനെയാണ് ഭാര്യയുടെ മദ്യപാനം ഭർത്താവിനോട് അല്ലെങ്കിൽ അപ്പീൽ നൽകിയ ആളോട് ക്രൂരത കാണിച്ചത് എന്നതിനുള്ള ഒരു തെളിവുകളും ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.