ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിങ് ആറു മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു. ജാമ്യവ്യവസ്‌ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹർജി പരിഗണിച്ചത്. വിചാരണാകോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇഡിക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടാണ് സുപ്രീം കോടതി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. സഞ്ജയ് സിങ്ങിനെതിരെ ഇഡി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി വിമർശിച്ചു. പണം കണ്ടെത്താനും ഇഡിക്ക് സാധിച്ചിട്ടില്ല. അതേസമയം, ഉത്തരവ് കീഴ്വഴക്കമായി പരിഗണിക്കരുതെന്ന് നിർദ്ദേശിച്ച കോടതി, സഞ്ജയ് സിങ് കേസിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നത് വിലക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ ഇഡി ഉദ്യോഗസ്‌ഥർ നടത്തിയ റെയ്‌ഡിന് ശേഷം 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സഞ്ജയ് സിങ്ങിന്റെ അറസ്‌റ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് പ്രയോജനപ്പെടുത്തിയെന്നാണ് ഇഡിയുടെ ആരോപണം.
Read more
മദ്യനയക്കേസിൽ ആം ആദ്‌മി പാർട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്നലെ തിഹാർ ജയിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് റോസ് അവന്യു കോടതി കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.