തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസിൽ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. ഒളിവില്‍ പോയ നടിയെ ഹൈദരബാദില്‍ നിന്നാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ എത്തിച്ചപ്പോൾ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാർഗ്ഗമാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറിൽ നിന്ന് ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

കസ്തൂരിയുടെ അറസ്റ്റിനെ ബ്രാഹ്മണസഭ അപലപിച്ചപ്പോൾ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 300 വർഷം മുൻപ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിരുന്നവരാണ് തെലുങ്കർ എന്ന പരാമർശത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഹര്‍ജി തള്ളിയതോടെ, ഒളിവില്‍ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി രണ്ട് പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.