എന്‍ഡിഎ മൂന്നാം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നതും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
‘ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനയില്‍ വിശ്വാസം ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അഭിമാനം തോന്നുന്നു. 1962നുശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാം വട്ടം അധികാരത്തില്‍ വരുന്നത്.’
‘ഒഡീഷയിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ആദ്യമായാണ് അവിടെ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറന്നു. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഡല്‍ഹിയിലും മധ്യപ്രദേശിലും മികച്ച നേട്ടമുണ്ടാക്കിയതില്‍ സന്തോഷം’ മോദി പ്രസംഗത്തില്‍ പറഞ്ഞു.
മൂന്നാം തവണയും എന്‍ഡിഎയ്ക്ക് വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് മോദി നേരത്തെ എക്സിലൂടെ നന്ദി പറഞ്ഞിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിതെന്നും ജനങ്ങളുടെ സ്നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ എന്‍ഡിഎയില്‍ മൂന്നാം വട്ടവും വിശ്വാസം അര്‍പ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്കുന്നു. കഠിനാധ്വാനംചെയ്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read more
അതിനിടെ, മോദി നാളെത്തന്നെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.