നിങ്ങൾ ഇനിയും ആധാർ അപ്ഡേറ്റ് ചെയ്തിട്ടില്ലേ? വിവരങ്ങൾ സൗജന്യമായി തിരുത്താൻ ഒരാഴ്ച കൂടി; ഇനി മുതൽ ഫീസ് നൽകേണ്ടിവരും!!!

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനും ഉൾപ്പെടെ എന്തിനും ഏതിനും ആധാർ കാർഡ് നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

നിലവിലെ റിപ്പോർട്ട് പ്രകാരം ആധാർ കാർഡ് ഉപയോക്താക്കൾക്ക് ഈ വരുന്ന ജൂൺ 14 വരെ വരെയാണ് സൗജന്യമായി രേഖകൾ അപ്ഡേറ്റ് ചെയ്യാനാവുക. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. 2024 ജൂൺ 14 ന് ശേഷം ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് 25 രൂപയും ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം.

ഇനി ആരൊക്കെയാണ് ആധാർകാർഡ് പുതുക്കേണ്ടത്

10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരാണ് ആധാർ പുതുക്കേണ്ടത്. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവജാതശിശുക്കൾക്കും ആധാർ എൻറോൾമെന്റ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം. അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നൽകി ചെയ്യാം.

ആധാർ കാർഡിലെ വിലാസം അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് : https://myaadhaar.uidai.gov.in/