താക്കീതിന് പിന്നാലെ കങ്കണയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ജെപി നദ്ദ; വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ്

കര്‍ഷക വിരുദ്ധ പ്രസ്താവനകളില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പരസ്യമായി താക്കീത് നല്‍കിയതിന് പിന്നാലെ ബോളിവുഡ് നടിയും ഹിമാചല്‍ മാണ്ഡിയില്‍ നിന്നുള്ള എംപിയുമായ കങ്കണ റണാവത്തിനെ വിളിച്ചുവരുത്തി ബിജെപി നേതൃത്വം. കങ്കണയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും അത് ബിജെപി നിലപാടെന്ന് വ്യാഖ്യാനിക്കരുതെന്നും ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെപി നദ്ദയെ കങ്കണ ഡല്‍ഹിയിലെ വസതിയിലെത്തി നേരില്‍ കണ്ടു. 30 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയ്ക്ക് നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.

കര്‍ഷക സമരത്തിന്റെ ശക്തികേന്ദ്രമായ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ കങ്കണ, മുംബൈയില്‍ നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. നമ്മുടെ ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമായിരുന്നു. ഇവിടെ കര്‍ഷക സമരത്തിനിടെ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നായിരുന്നു വിവാദ പ്രസ്താവന.

കങ്കണയുടെ വിവാദ പ്രസ്താവന പാര്‍ട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചതോടെയാണ് താക്കീതിന് പിന്നാലെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ജെപി നദ്ദ താക്കീത് നല്‍കിയത്.