ദുരഭിമാനക്കൊല: മൂന്ന് ദളിതരെ കൊന്ന കേസില്‍ ആറു പ്രതികള്‍ക്ക് വധശിക്ഷ

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സോണായി ദുരഭിമാനക്കൊലയില് പ്രതികളായ ആറുപേര്‍ക്ക് വധശിക്ഷ. 2013 ലാണ് കേസിനാസ്പദമായ സംഭവം. ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ പിതാവടക്കം ആറ് കുടുംബാംഗങ്ങളെയാണ് നാസികിലെ പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

ത്രിമൂര്‍ത്തി പവന്‍ ഫൗണ്ടേഷന്‍ കോളേജിലെ ജോലിക്കാരായ സച്ചിന്‍ ഘാരു, സന്ദീപ് തന്‍വാര്‍, രാഹുല്‍ കന്ദാരെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സച്ചിനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

എന്നാല്‍ താഴ്ന്ന ജാതിക്കാരനുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് സച്ചിന്‍ ഘാരുവിനെയും സുഹൃത്തുക്കളെയും കൊന്ന് കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, ദളിതര്‍ക്കുനനേരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.