പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം; സമരം അവസാനിപ്പിച്ച് യൂണിയനുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം

പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്‌സപ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ധാരണ. ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ഡല്‍ഹി ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്.

ഡല്‍ഹി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്കു രണ്ടരയ്ക്കു തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെ തീരുമാനമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എച്ച്.ആര്‍ മേധാവിയാണു ചര്‍ച്ചയില്‍ കമ്പനിയെ പ്രതിനിധികരിച്ചത്.
പിരിച്ചുവിട്ട 30 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യം സമരം നടത്തുന്ന തൊഴിലാളി യൂണിയന്‍ ശക്തമായി ഉന്നയിച്ചു. കമ്പനിയുടെ സി.ഇ.ഒ. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തിയും യൂണിയന്‍ അറിയിച്ചിരുന്നു.

കേരളത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിലെ സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും മലയാളികളാണ്. കാബിന്‍ ക്രൂവിലെ ഏറ്റവും മുതിര്‍ന്ന തസ്തികകളിലൊന്നായ എല്‍1 വിഭാഗത്തില്‍ പെടുന്നവരായിരുന്നു സമരക്കാരില്‍ കൂടുതലും.

സമരമുഖത്തുള്ള 200 കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം.