മുഖ്യമന്ത്രിമാരില്‍ അതിസമ്പന്നന്‍ ജഗന്‍മോഹന്‍ റെഡ്ഡി; പിണറായിയും കോടിശ്വരന്‍, കണക്കുകള്‍ പുറത്ത്

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുളളത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍മോഹന്‍ റെഡ്ഡിക്കെന്ന് റിപ്പോര്‍ട്ട്. 510 കോടിയാണ് ജഗന്‍മോഹന്‍ റെഡ്ഡിക്കുളളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ അടങ്ങിയ പട്ടികയിലാണ് ഇക്കാര്യമുളളത്.

രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടിപതികളാണെന്നും പട്ടികയിലെ കണക്കുകള്‍ പറയുന്നു. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ആണ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് തൊട്ടുപിന്നിലുളളത്. 163 കോടി രൂപയാണ് പേമ ഖണ്ഡുവിന്റെ ആസ്തി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കോടിപതികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി. സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുളളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. വെറും 15 ലക്ഷം രൂപ മാത്രമാണ് മമതയുടെ ആസ്തി.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് ആസ്തി കൂടുതലുളള മുഖ്യമന്ത്രിമാരില്‍ മൂന്നാം സ്ഥാനത്ത്. 63 കോടി രൂപയാണ് നവീന്‍ പട്‌നായികിന്റേത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ (1 കോടി) ആണ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (3 കോടി), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ (3 കോടി) ഏറ്റവു കൂടുതല്‍ സമ്പത്തുളളവരുടെ പട്ടികയില്‍ താഴെയാണ്.