ടിവികെ വെറും കിച്ചടിപ്പാര്‍ട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റമാകില്ല; വിജയ്യുടേതും ദ്രാവിഡ ആശയങ്ങള്‍; ബിജെപിക്ക് ഭയമില്ലെന്ന് കെ അണ്ണാമലൈ

നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ ) വിമര്‍ശനവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. വിജയ് ദ്രാവിഡ പാര്‍ട്ടികളുടെ ആശയങ്ങള്‍ തന്നെയാണു പിന്തുടരുന്നത്. യുകെയില്‍ മൂന്നു മാസം നീണ്ട പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് അണ്ണാമലൈയുടെ പ്രതികരണം.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ബിജെപിക്കു ഭയമില്ല. ടിവികെ അടക്കമുള്ള പാര്‍ട്ടികളുടെ സാന്നിധ്യം മൂലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്ര പ്രാധാന്യമുള്ളതായി മാറുമെന്നും വിജയ് പറഞ്ഞു. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയതും അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ വീണ്ടും മന്ത്രിയാക്കിയതും ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെയെ അണ്ണാമലൈ വിമര്‍ശിച്ചു.

ടിവികെ കിച്ചടിപ്പാര്‍ട്ടിയാണെന്നും അണ്ണാമലൈ പരിഹസിച്ചു. എല്ലാ സിദ്ധാന്തങ്ങളില്‍ നിന്നും കുറച്ചെടുത്ത് ഒരു പാര്‍ട്ടിയുണ്ടാക്കിയിരിക്കുന്നു. പല നേതാക്കളുടെ ഫോട്ടോ എടുത്ത് വച്ച് ഇവരൊക്കെ തങ്ങളുടെ നേതാക്കളാണന്ന് പറയുന്നു. സാമ്പാര്‍ സാദവും, തൈര് സാദവും, രസ സാദവും കൂട്ടിക്കുഴച്ചാല്‍ പുതിയ ഐറ്റം ആകില്ല. ഇത്തരം രാഷ്ട്രീയം എവിടെയും വിജയിക്കില്ലെന്നും അണ്ണാമലൈ പറഞ്ഞു.