അരിക്കൊമ്പൻ കേരളത്തിലേക്ക്? ; വീണ്ടും ജനവാസ മേഖലയിൽ, നെയ്യാറിന് 65 കിലോമീറ്റർ അകലെയെത്തി, വിശദീകരണവുമായി തമിഴ്നാട്

അരിക്കൊമ്പൻ വീണ്ടുമം കേരളത്തിലേക്ക് എത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ വിശദീകരണവുമായി തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്നാണ് കളക്കാട് മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ അറിയിക്കുന്നത്.അരിക്കൊമ്പൻ മദപ്പാടിലാണെന്നും അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

നിലവിൽ നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. അരികൊമ്പനൊപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് അക്രമണം നടത്തിയത് അരിക്കൊമ്പനാണെന്നും സ്ഥിരീകരിച്ചു. ആന ദിവസവും 10 കിലോമീറ്ററോളം സഞ്ചരിക്കുന്നുവെന്നും,പൂർണ്ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ 40 പേരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പനുള്ളത്.

അതേസമയം അരിക്കൊമ്പന് ഇപ്പോൾ അരിയോട് താൽപര്യമില്ലെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം. ജനവാസമേഖയിലെത്തിയെങ്കിലും റേഷൻ കട ആക്രമിക്കാതെയാണ് കടന്നുപോയത്. ആനയെ തിരികെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.പ്രദേശവാസികൾക്ക് കർശന ജാ​ഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. റേഡിയോ കോളറിൽ നിന്ന് ഓരോ അരമണിക്കൂറിലും സിഗ്നൽ ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു.