പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതിനു തുടര്‍ച്ചയായി, കരയുദ്ധത്തിനു പൂര്‍ണസജ്ജമായിരുന്നെന്ന് കരസേനാധിപന്‍ ജനറല്‍ ബിപിന്‍ റാവത്ത് സര്‍ക്കാരിനെ അറിയിച്ചെന്ന് വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ കരയുദ്ധത്തിനു മുതിര്‍ന്നാല്‍, അവരുടെ മണ്ണില്‍ കടന്നും യുദ്ധംചെയ്യാന്‍ സന്നദ്ധമാണെന്നാണെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ ജീവനെടുത്തതിനു പകരം വീട്ടേണ്ടതെങ്ങനെയെന്ന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴായിരുന്നു ജനറല്‍ റാവത്തിന്റെ പ്രഖ്യാപനം. വിരമിച്ച കരസേനാ ഉദ്യോഗസ്ഥരുമായി റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read more
ഇക്കൊല്ലം ഫെബ്രുവരി 14-നാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത്. ഫെബ്രുവരി 26-ന് ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി. 2016 സെപ്റ്റംബറിലെ ഉറി ഭീകരാക്രണത്തിനുശേഷം 11,000 കോടി രൂപ വിലമതിക്കുന്ന പടക്കോപ്പുകള്‍ വാങ്ങാന്‍ കരസേന കരാറൊപ്പിട്ടു. ഇതില്‍ 95 ശതമാനവും ലഭിച്ചു. 7,000 കോടി രൂപ മതിക്കുന്ന 33 കരാറുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടുണ്ട്. 9,000 കോടി രൂപയുടെ ആയുധങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.