നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാൾ മത്സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആംആദ്മി പാര്‍ട്ടി

ആംആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയാകും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നായിരിക്കും മത്സരിക്കുക. ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കെജ്രിവാളിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലാണ് മത്സരം. എല്ലാ സീറ്റുകളിലും ആംആദ്മി പാര്‍ട്ടി ഇതോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വസാനഘട്ടത്തിലെ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗോപാല്‍ റായി, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. ഗോപാല്‍ റായി ബാബാര്‍പുരിലും ദുര്‍ഗേഷ് പതക് രജിന്ദര്‍ നഗറിലും മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലും മത്സരിക്കും.

2025 ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. ആംആദ്മി സ്വന്തം ശക്തിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടി പൂര്‍ണ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് മത്സരത്തിനിറങ്ങുക. ഡല്‍ഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ആംആദ്മിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.