മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്ത കേസിൽ ഒക്ടോബർ 3 ന് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. കേസിൽ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യൻ ലഹരിമരുന്ന് സംഭരിച്ചുവെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആരോപിക്കുന്നത്.
അതേസമയം, റെയ്ഡുകളിൽ തന്റെ കക്ഷിയുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം. ആര്യൻ ഖാനുമായി ബന്ധപ്പെട്ട ആഗോള ലഹരിക്കടത്ത് ബന്ധങ്ങൾ കണ്ടെത്തിയതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
അതേസമയം, മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാൻ എൻസിബി അഭിഭാഷകൻ എ എസ് ജി അനിൽ സിംഗ് കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സമർപ്പിച്ച രേഖകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അഭിഭാഷകൻ പറഞ്ഞു. ആര്യൻ ഖാൻ ഇതാദ്യമായല്ല ലഹരി മരുന്ന് ഉപയോഗിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളും തെളിവുകളും കാണിക്കുന്നത് അദ്ദേഹം കുറച്ച് വർഷങ്ങളായി ലഹരി മരുന്നിന്റെ സ്ഥിരം ഉപഭോക്താവാണെന്നും സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ലെന്നും എ എസ് ജി അനിൽ സിംഗ് വാദിച്ചു.
അർബാസ് മർച്ചന്റിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ആര്യൻ ഖാനും കൂടി വേണ്ടിയുള്ളതായിരുന്നു എന്ന് എൻസിബിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ആര്യൻ ഖാനെതിരായ തെളിവാണ് എന്ന് എൻസിബിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
Read more
ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി, ആര്യൻ ലഹരി മരുന്നിനായി വിദേശ പൗരന്മാരുമായി ആശയവിനിമയം നടത്തിയെന്ന് എൻസിബി പറഞ്ഞു. എന്നാൽ, ചാറ്റുകൾ ഫുട്ബോളിനെ കുറിച്ചാണെന്നും മറ്റൊന്നുമല്ലെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.