മധ്യപ്രദേശില്‍ ബിജെപി അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ അടി പൊട്ടി; കേന്ദ്ര മന്ത്രിയെ കയ്യേറ്റം ചെയ്ത് പ്രവര്‍ത്തകരും നേതാക്കളും

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെതിരെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി വളഞ്ഞത്. ഭൂപേന്ദര്‍ യാദവിനെതിരെ പ്രതിഷേധക്കാര്‍ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യാങ്കളിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് മൂന്ന് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ് പാണ്ഡേയ്ക്ക് ജബല്‍പൂര്‍ നോര്‍ത്ത് സീറ്റ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം ഉടലെടുത്തത്. അഭിലാഷ് മണ്ഡലത്തിന് പുറത്ത് നിന്നുള്ള വ്യക്തിയാണെന്ന് ആക്ഷേപം ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.


അഭിലാഷ് പാണ്ഡെ എത്തിയതോടെ ജബല്‍പൂര്‍ നോര്‍ത്തില്‍ സീറ്റ് നഷ്ടമായ ശരദ് ജെയിനിന്റെ അനുയായികളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത് ശനിയാഴ്ചയായിരുന്നു. അവസാനഘട്ട പട്ടികയില്‍ 92 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ 228 സീറ്റുകളിലേക്കുമുള്ള പ്രഖ്യാപനം പൂര്‍ത്തിയായി. നവംബര്‍ 17ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഡിസംബര്‍ 3ന് ആണ് ഫലപ്രഖ്യാപനം.

അതേ സമയം തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 52 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ടി രാജാ സിങ് എംഎല്‍എയും ആദ്യ ഘട്ട പട്ടികയിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ടി രാജാ സിങിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാജാ സിങിന്റെ സസ്പെന്‍ഷന്‍ ബിജെപി പിന്‍വലിച്ചിരുന്നു. ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് ആണ് രാജാ സിങ് വീണ്ടും ജനവിധി തേടുന്നത്.