മാസ്കില്ലാതെ മരുന്ന് വാങ്ങാൻ വരരുതെന്ന് നഴ്സ്; പിന്നീട് ​ഗ്രാമീണൻ വന്നത് മീനുമായി

മാസ്കില്ലാതെ മരുന്ന് വാങ്ങാൻ വരരുതെന്ന് നഴ്സ് പറഞ്ഞതിന് പിന്നാലെ ​ഗ്രാമീണൻ എത്തിയത് മീനുമായി. വടക്കൻ ആസാമിലെ ഉദൽ​ഗുരിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.

ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിലെത്തിയ രോ​ഗിയോട് മാസ്കുമായി വന്നാലെ മരുന്ന് തരൂ എന്ന് നഴ്സ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പുറത്ത് പോയ ഇയാൾ വന്നത് മീനുമായാണ്. സംഭവം മറ്റൊന്നുമല്ല മാസ് എന്നത് ഒരിനം അസമീസ് മത്സ്യത്തിന്റെ പേരാണ്. ഈ മത്സ്യം വാങ്ങിവന്നാൽ മാത്രമെ മരുന്ന് കിട്ടൂ എന്ന് കരുതിയാണ് ​ഗ്രാമീണൻ പുറത്ത് പോയി മീൻ വാങ്ങി വന്നത്.

ആശുപത്രിയിലെ ഡോക്ടർ തയാബുർ റഹമാന്റെ അനുഭവ കഥ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്ത്. പിഴവ് മനസ്സിലാക്കിയ ആരോ​ഗ്യപ്രവർത്തകർ ഇയാൾക്ക് മാസ്ക് നൽകുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞയക്കുകയുമായിരുന്നു.