പാക് വെടിവെയ്പ്പിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു; മരിച്ചവരുടെ എണ്ണം 11 ആയി

അതിർത്തിയിൽ വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിൽ‌ ഒരു ഇന്ത്യൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. പൂഞ്ച് ജില്ലയിലെ മാങ്കോക്കിൽ വെച്ച് വെടിയേറ്റ് ചികിൽസയിലായിരുന്ന ജവാൻ സി.കെ റോയിയാണ് മരണത്തിനു കീഴടങ്ങിയത്.

പാക്ക് വെടിവെപ്പില്‍ പരുക്കേറ്റ ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏറ്റുമുട്ടലില്‍ 40 ഓളം ഗ്രാമീണര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വെടിവെയ്പ്പിൽ ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഒരു മലയാളി ജവാൻ കൊല്ലപ്പെട്ടിരുന്നു. രജൗരി മേഖലയിലെ സുന്ദർബനിയിലായിരുന്നു വെടി നിർത്തൽ കരാർ ലംഘനം.

അതേസമയം തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനത്തിൽ പാകിസ്ഥാനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയിദ് ഹൈദർ ഷായെ വിളിച്ചുവരുത്തി വിദേശ മന്ത്രാലയം ആണ് പ്രതിഷേധം അറിയിച്ചത്.

പാക് സൈന്യം തുടരുന്ന വെടിവെപ്പിൽ പ്രദേശവാസികൾ കൊല്ലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഈ വർഷം നൂറുതവണയിലേറെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

പൂഞ്ച് മേഖലയിലും ആർഎസ് പുര സെക്ടറിലുമായി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പ്രദേശവാസികൾക്കും ജീവൻ നഷ്ടമായിരുന്നു. കനത്ത വെടിവയ്പിനെ തുടർന്ന് മേഖലയിൽ നിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. ആർഎസ് പുര, അമിയ, റാംഗർ എന്നീ മേഖലകളിലാണ് പാക്കിസ്ഥാൻ ദിവസങ്ങളായി വെടി നിർത്തല്‍ കരാർ ലംഘനം തുടരുന്നത്.