മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പൊലീസ്

മൈസൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്. നിയമ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്.

ടോണി ആന്റണിയും രാജുവും പാര്‍ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ഭക്ഷണത്തിന്റെ പേരിലുണ്ടായ തര്‍ക്കമായിരുന്നു സംഭവത്തിന്റെ തുടക്കം. കഴിഞ്ഞ ബുധനാഴ്ച ഹോട്ടലിലെത്തിയ ഷൈന്‍ പ്രസാദ് ഭക്ഷണത്തിന് വൃത്തിയില്ലെന്ന് ആരോപിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടു. ഭക്ഷണത്തിനും വെള്ളത്തിനും വൃത്തിയില്ലെന്നായിരുന്നു ഷൈന്‍ പ്രസാദിന്റെ ആരോപണം.

ഇതിന് പിന്നാലെ രണ്ട് ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി കൂടുതല്‍ ആള്‍ക്കാരെ കൂട്ടി ഷൈന്‍ പ്രസാദ് വീണ്ടും ഹോട്ടലില്‍ എത്തി. പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൈസൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.