അയോദ്ധ്യ-ബാബറി മസ്ജിദ് തർക്കം രമ്യമായി ചർച്ച ചെയ്തു പരിഹരിക്കാൻ ഇരുമതങ്ങളുടെയും കക്ഷികൾ ആഗ്രഹിക്കുന്നു: മദ്ധ്യസ്ഥ പാനൽ സുപ്രീം കോടതിയിൽ

എഴുപത് വർഷത്തിലേറെ പഴക്കമുള്ള രാം ജന്മഭൂമി-ബാബറി മസ്ജിദ് തർക്കം രമ്യമായി പരിഹരിക്കുന്നതിനായി ചർച്ചകൾ പുനരാരംഭിക്കണമെന്ന അഭ്യർത്ഥനയുമായി അയോദ്ധ്യ മദ്ധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ മെമ്മോറാണ്ടം സമർപ്പിച്ചു. ഹിന്ദു-മുസ്ലിം കക്ഷികൾ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ച് സമിതിയെ സമീപിച്ചതായും മെമ്മോറാണ്ടത്തിൽ പറയുന്നു.

അയോദ്ധ്യ തർക്ക അപ്പീലുകൾ സുപ്രീം കോടതി തുടർന്നും കേൾക്കുമ്പോൾ തന്നെ മദ്ധ്യസ്ഥത തുടരാമെന്ന് കക്ഷികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും മെമ്മോറാണ്ടം വ്യക്തമാക്കി.

അയോദ്ധ്യ-ബാബറി മസ്ജിദ് വിഷയത്തിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള 70 വർഷത്തിലേറെ നീണ്ട തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ സുന്നി വഖഫ് ബോർഡും നിർവാണി അഖാരയും സന്നദ്ധത പ്രകടിപ്പിച്ചതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കഴിഞ്ഞ തവണ ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള ചില കക്ഷികളുടെ ഭാഗത്ത് നിന്നും ചെറുത്തു നിൽപ്പുണ്ടായെന്നും ഇത് മൂലം ചിലർക്ക് അലോസരമുണ്ടാകുകയും ജൂലൈ 29-ന് അവസാന നിമിഷം പെട്ടെന്ന് ചർച്ച ഉപേക്ഷിക്കപ്പെടുകയും ചെയ്തു, അവസാനമായി ചർച്ച എവിടെയാണോ നിർത്തിയത് അവിടുന്ന് ചർച്ചകൾ പുനരാരംഭിക്കണം എന്നാണ് കക്ഷികൾ മുൻ സുപ്രീം കോടതി ജഡ്ജി എഫ്.എം.ഐ കലിഫുല്ല, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ ഉൾപ്പെട്ട മദ്ധ്യസ്ഥ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

അയോദ്ധ്യ ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 2- ന് നടന്ന വാദം കേൾക്കലിൽ അന്തിമ തീർപ്പുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. മദ്ധ്യസ്ഥത കാരണം തീർപ്പ് കൽപ്പിക്കാത്ത അപ്പീലുകളുടെ വിധിന്യായം ഓഗസ്റ്റ് 6 മുതൽ ആരംഭിച്ചു. 20- ഓളം കോടതി വിചാരണകൾ അവസാനിച്ചു. അഞ്ച് ജഡ്ജി ബെഞ്ചാണ് അപ്പീലുകൾ ദിവസേന കേൾക്കുന്നത്.