അയോദ്ധ്യ കേസില്‍ നാലാഴ്ചയ്ക്കുള്ളില്‍ വിധി പറയാന്‍ കഴിയുമെങ്കില്‍ അത് അത്ഭുതകരമായിരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അതേസമയം അയോദ്ധ്യാ കേസിലെ വാദം ഒക്ടോബര്‍ 18-ന് പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചിട്ടുണ്ട്. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടി നല്‍കാന്‍ സാദ്ധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ നേരത്തെ, ആവശ്യമെങ്കില്‍ ഒക്ടോബര്‍ 18-ന് ശേഷം ഒന്നോ രണ്ടോ ദിവസം കൂടി വാദം കേള്‍ക്കല്‍ നീട്ടിനല്‍കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.
32-ാമത്തെ വാദം കേള്‍ക്കലിലാണ് ചീഫ് ജസ്റ്റിസ് സമയപരിധി നിശ്ചയിച്ചത്. അഞ്ചംഗ ബെഞ്ച് ദിവസേന വാദം കേട്ട് വരികയായിരുന്നു. കേസിലെ മൂന്ന് കക്ഷികള്‍ക്കും വാദം ഉന്നയിച്ച് തീര്‍ക്കാനായി പത്തര ദിവസം വീതം എടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാഴ്ചത്തെ ദീപാവലി അവധിക്കാലം പരിഗണിച്ച് വാദം തീര്‍ക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
Read more
നവംബര്‍ 17- നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ഒക്ടോബര്‍ 18-ന് വാദം പൂര്‍ത്തിയായാല്‍ പിന്നെ വിധിയെഴുതാന്‍ ഭരണഘടനാ ബെഞ്ചിന് ലഭിക്കുക ഒരു മാസത്തെ സമയമാണ്. കേസിലെ വിവിധ കക്ഷികള്‍ നൂറുകണക്കിന് രേഖകളാണ് ഭരണഘടനാ ബെഞ്ചിന് നല്‍കുകയെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് അയോദ്ധ്യാ കേസിലെ വിധി നാലാഴ്ചക്കുള്ളില്‍ പ്രസ്താവിക്കുന്നതു തന്നെ അത്ഭുതകരമായിരിക്കും എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.