കാവേരി നദീയിൽ നിന്ന് വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളുരുവിൽ ബന്ദ് ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് കര്‍ണാടക ജലസംരക്ഷണ സമിതി നഗരത്തില്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബെംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാത്രി 12 മണിവരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്തു നഗരത്തിൽ പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ബെംഗളരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബന്ദ് ആഹ്വാനത്തില്‍ നിന്ന് പിന്മാറാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും സമരാനുകൂലികള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
#WATCH | As a Bandh has been called by various organizations in Bengaluru, DCP central Bengaluru Shekar T Tekkannavar says, “…We have made adequate bandobast…as per the order of the commissioner, no protest or procession is allowed…traffic is normal” pic.twitter.com/LPE3Mbyz7v
— ANI (@ANI) September 26, 2023
അതേസമയം നേരത്തെ ബന്ദിനെ പിന്തുണച്ചിരുന്ന കര്‍ണാടക ആര്‍ടിസി, ബിഎംടിസി ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തും. പോലീസ് കമ്മീഷണര്‍ ഇടപെട്ടതോടെയാണ് തുടക്കത്തില്‍ ബന്ദിനെ അനുകൂലിച്ചിരുന്ന 175 ഓളം സംഘടനകളിൽ നിരവധി പേര്‍ പിന്തിരിഞ്ഞത്. ഓല – യൂബര്‍ ഉള്‍പ്പടെയുളള ഓണ്‍ലൈന്‍ സ്വകാര്യ ടാക്‌സി സര്‍വീസുകളും പിന്തുണ പിന്‍വലിച്ചു സര്‍വീസ് നടത്തുന്നുണ്ട്.
സംസ്ഥാന അതിര്‍ത്തികളും ദേശീയ പാതകളും ഉപരോധിക്കാന്‍ ബന്ദനുകൂലികള്‍ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക നിയമസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ബിജെപി -ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു രണ്ടു മണിക്കൂര്‍ ഉപവസിക്കും. 29ന് ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദിനെ ബിജെപി പിന്തുണക്കുമെന്ന് മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ അറിയിച്ചു.
Read more
കാവേരി നദിയില്‍ നിന്ന് പ്രതിദിനം 5000 ക്യുസെസ് വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടാണ് കന്നഡ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നതും സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതും.