മെട്രോ തൂണ്‍ തകര്‍ന്ന് ദേഹത്തേക്ക് വീണു; അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് രണ്ട് മരണം. ബെംഗളൂരു നമ്മ മെട്രോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന തൂണുകളിലൊന്നാണ് തകര്‍ന്നത്. ബൈക്ക് യാത്രക്കാരായ അമ്മയുടെയും മകന്റെയും ദേഹത്തേക്കാണ് തൂണ്‍ വീണത്. തേജസ്വിനി (28) രണ്ടുവയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്.

ഔട്ടര്‍ റിങ്ങ് റോഡിലെ നാഗവരെയ്ക്ക് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ഇരുവരെയും പൊലീസ് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് കല്ല്യാണ്‍ നഗര്‍ മുതല്‍ ഹെബ്ബാള്‍ വരെ മൂന്ന് കിലോമീറ്ററോളം ഗതാഗതക്കുരുക്കാണ് ബെംഗളൂരുവില്‍ ഉണ്ടായത്.