ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ കൊലകൊല്ലിയാകുന്നു. 10 വരിപാതയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിക്കുന്നതും അമിതവേഗവുമാണ് പല അപകടങ്ങള്‍ക്കും കാരണമായിട്ടുള്ളത്. 335 അപകടങ്ങളില്‍ 110 അപകടങ്ങള്‍ ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള റീച്ചിലാണ് നടന്നിരിക്കുന്നത്.
ബിഡദി, രാമനഗര, ബൈപ്പാസുകളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന നിദ്ദഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് 77 അപകടങ്ങളിലായി 28 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ചന്നപട്ടണയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് കുടുംബത്തിലെ 5 പേര്‍ മരിച്ചിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ മീഡിയനിലിടിച്ച് എതിര്‍ദിശയിലെ റോഡിലേക്ക് മറിഞ്ഞതോടെ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.
118 കിലോമീറ്റര്‍ ദൂരം വരുന്ന ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ പാതയില്‍ 16 സ്ഥിരം അപകട മേഖലകളാണ് ദേശീയപാത അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. സിഗ്നലുകളും ജംക്ഷനുകളും ഇല്ലാത്ത അതിവേഗ പാതയില്‍ 80-100 കിലോമീറ്റര്‍ വേഗമാണ് നിശ്ചയിച്ചിരിക്കുന്നത്.
കാറുകള്‍ ഉള്‍പ്പെടെ 100 കിലോമീറ്റര്‍ പരിധി കടന്ന് പോകുന്നതും 6 വരി പ്രധാന പാതയില്‍ സിഗ്നല്‍ നല്‍കാതെ ലെയ്‌നുകള്‍ മാറുന്നതുമാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. തിരക്കേറിയ ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളില്‍ നിര്‍മിച്ച ബൈപ്പാസ് റോഡുകളിലാണ് അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. 8172 കോടിരൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡില്‍ ഇരുനഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം ഒന്നരമണിക്കൂറില്‍ താഴെയായി ചുരുങ്ങിയെങ്കിലും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് യാത്രക്കാരെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.
Read more
കനത്ത ചൂടില്‍ വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിക്കുന്നതാണ് അപകം വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് എന്‍എച്ച്എ വ്യക്തമാക്കുന്നു. എക്‌സ്പ്രസ് വേയില്‍ ലെയ്ന്‍ തെറ്റിച്ച് ബസോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആര്‍ടിസിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.