രാജ്യത്തെ നടുക്കിയ ഭോപാല്‍ വിഷവാതക ദുരന്തം; 40 വര്‍ഷത്തിന് ശേഷം വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തു

രാജ്യത്തെ ഞെട്ടിച്ച ഭോപാല്‍ വിഷവാതക ദുരന്തം നടന്ന് 40 വര്‍ഷം പിന്നിടുമ്പോൾ പ്രദേശത്തെ വിഷമുക്തമാക്കി. ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ ലോറികളിലാണ് അപകടകരമായ വിഷവസ്തുക്കള്‍ നീക്കം ചെയ്തത്. ഭോപാലില്‍ നിന്ന് പിതാംപുരിലേക്കാണ് മാറ്റിയത്. ഭൂനിരപ്പില്‍ നിന്ന് 25 അടി ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചൂളയിലാകും ഇവ കത്തിക്കുക. മണിക്കൂറില്‍ 90 കിലോ മാലിന്യം എന്നനിലയില്‍ ഇവിടെവെച്ച് കത്തിച്ച് നിര്‍മാര്‍ജനം ചെയ്യും.

ഇത്രയും മാലിന്യം കത്തിച്ച് തീര്‍ക്കാന്‍ കുറഞ്ഞത് 153 ദിവസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിരീക്ഷണത്തിലാകും ഈ പ്രവര്‍ത്തനങ്ങളെല്ലാം. പിതാംപുരിലെ രാംകി എന്‍വിറോ എന്‍ജിനീയേഴ്‌സിന്റെ കീഴിലുള്ള പ്രത്യേക പ്ലാന്റില്‍ വെച്ചാണ് നിര്‍മാര്‍ജനം ചെയ്യുന്നത്. പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കും. പരിധിയില്‍ കൂടുതല്‍ അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

337 മെട്രിക് ടണ്‍ മാലിന്യമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് നീക്കം ചെയ്തത്. മാലിന്യം കൊണ്ടുപോകാനായി പ്രത്യേകം തയ്യാര്‍ ചെയ്ത കണ്ടെയ്‌നറുകളാണ് ഉപയോഗിച്ചത്. തീപ്പിടിത്തത്തെയും വെള്ളത്തിനെയും പ്രതിരോധിക്കുന്ന തരത്തിലാണ് കണ്ടെയ്‌നറുകള്‍ തയ്യാറാക്കിയത്. ഓരോ കണ്ടെയ്‌നറുകളിലും 30 ടണ്‍ മാലിന്യമാണുള്ളത്. ഹൈഡെന്‍സിറ്റി പോളിഎത്തിലീനില്‍ നിര്‍മ്മിച്ച വലിയ ബാഗുകളിലാണ് മാലിന്യം നിറച്ച് കണ്ടെയ്‌നറുകളിലാക്കിയത്. മാലിന്യങ്ങള്‍ കൂടിക്കിടന്ന് രാസപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഫാക്ടറിയുടെ 200 മീറ്റര്‍ ചുറ്റളവ് നിരോധിതമേഖലയായി മാറ്റിയിരുന്നു. 200 തൊഴിലാളികളെ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ തരംതിരിച്ച് കണ്ടെയ്‌നറുകളിലേക്ക് മാറ്റിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തൊഴിലാളികള്‍ക്ക് പരമാവധി അരമണിക്കൂര്‍ വീതമുള്ള ഷിഫ്റ്റ് പ്രകാരമാണ് ജോലി നല്‍കിയത്. പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് മാലിന്യനീക്കം തുടങ്ങിയത്. ദീര്‍ഘനേരം വിഷമാലിന്യങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ഭയത്തെ തുടര്‍ന്നാണ് ഇങ്ങനെ ക്രമീകരണം നടത്തിയത്.

5000 പേരുടെ കൂട്ടമരണത്തിനിടയാക്കിയ സമാനതകളില്ലാത്ത ദുരന്തമായിരുന്നു ഭോപാലില്‍ നടന്നത്. 2 ഡിസംബർ 1984 ആയിരുന്നു രാജ്യത്തെ നടുക്കിയ വിഷവാതക ദുരന്തം. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതാണ് ദുരന്തത്തിനിടയാക്കിയത്. 2015ല്‍ പിതാംപുരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം രാംകി എന്‍വിറോ എന്‍ജിനീയേഴ്‌സിന്റെ കീഴിലുള്ള പ്രത്യേക പ്ലാന്റില്‍ വെച്ച് കത്തിച്ച് നിര്‍മാര്‍ജനം ചെയ്തിരുന്നു. ഈ രീതി വിജയകരമായതോടെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ മാലിന്യനിര്‍മാര്‍ജനം പൂര്‍ണതോതില്‍ നടക്കുന്നത്.